പൂപ്പാറ: കാട്ടുപാതകളിലെ വന്യമൃഗ ഭീഷണിയും കിലോമീറ്ററുകളോളം ഭാരം പേറിയുള്ള ദുരിതയാത്രയും ഇനി മുതൽ പഴങ്കഥ. വിദൂര ആദിവാസി ഊരുകളിലെ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വാതിൽപ്പടിയിൽ ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ 'സഞ്ചരിക്കുന്ന റേഷൻകട' പദ്ധതി ഉടുമ്പൻചോല താലൂക്കിലും യാഥാർഥ്യമായി.
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനവും വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമവും സേനാപതി വേണു എംഎൽഎ നിർവഹിച്ചു.
ഉടുമ്പൻചോല താലൂക്കിലെ കോഴിപ്പന്നക്കുടി, പന്തടിക്കളം തുടങ്ങിയ ദുർഘടമായ ആദിവാസി മേഖലകളിലേക്കാണ് പുതിയ ഘട്ടത്തിൽ റേഷൻ സാധനങ്ങൾ നേരിട്ടെത്തിക്കുന്നത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം (NFSA 2013) സംസ്ഥാനത്ത് കൂടുതൽ കാര്യക്ഷമമായും സമഗ്രമായും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന ആദിവാസി കോളനികളെ ലക്ഷ്യമിട്ട് ഈ മാതൃകാപദ്ധതി പ്രവർത്തിക്കുന്നത്.
കാട്ടാനഭീഷണിക്കും തലച്ചുമടിനും ശാശ്വത പരിഹാരം
ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിലെ പൊതുവിതരണ കേന്ദ്രത്തിനു കീഴിൽ വരുന്ന പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുൻപ് റേഷൻ വാങ്ങുന്നതിനായി ഊരുകളിൽനിന്ന് ഏറെദൂരം സഞ്ചരിച്ച് പൊതുവിതരണ കേന്ദ്രത്തിൽ എത്തിയ ശേഷം അരിയും മറ്റ് അവശ്യസാധനങ്ങളും തലച്ചുമടായി കൊണ്ടുപോകേണ്ട ദുരിതാവസ്ഥയിലായിരുന്നു ഇവിടുത്തെ നിവാസികൾ.
ഉൾക്കാടുകളിലൂടെയുള്ള യാത്രയിൽ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം പതിവായതോടെ റേഷൻ വാങ്ങാൻ പോകുന്നതുപോലും വലിയ ജീവൻമരണ പോരാട്ടമായിരുന്നു.
സഞ്ചരിക്കുന്ന റേഷൻകട എത്തിയതോടെ ഈ സുരക്ഷ ഭീഷണിക്കും ശാരീരിക അധ്വാനത്തിനും ശാശ്വത പരിഹാരമായിരിക്കുകയാണ്.
പദ്ധതിയുടെ വ്യാപനവും രണ്ടാം ഘട്ടവും
പദ്ധതിയുടെ ആദ്യഘട്ടത്തിൽ അടുവിളാന്താൻ കുടിയിലാണ് വിജയകരമായി റേഷൻ ധാന്യങ്ങൾ വാതിൽപ്പടിയായി എത്തിച്ചു നൽകിയത്.ഇതിന്റെ വിജയത്തെയും പ്രയോജനത്തെയും തുടർന്നാണ് പദ്ധതി കൂടുതൽ ഉന്നതികളിലേക്ക് വ്യാപിപ്പിച്ചത്.
പന്നിയാർ പൊതുവിതരണ കേന്ദ്രത്തെ പ്രധാന കേന്ദ്രമാക്കി മാറ്റിക്കൊണ്ടാണ് മറ്റ് ആദിവാസി ഉന്നതികളിലേക്കും സഞ്ചരിക്കുന്ന റേഷൻകടയുടെ പ്രവർത്തനം വിപുലീകരിച്ചിരിക്കുന്നത്.
സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സമൂഹത്തിലെ ഏറ്റവു താഴെത്തട്ടിലുള്ള മനുഷ്യരിലേക്ക് തടസങ്ങളില്ലാതെ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ പൂർത്തിയാകുന്നത്. കാടിന്റെ മക്കളുടെ ഭക്ഷ്യസുരക്ഷയും ജീവന്റെ സംരക്ഷണവും ഒരുപോലെ ഉറപ്പുവരുത്തുന്ന ഈ വൻ ചുവടുവയ്പിന് പ്രദേശവാസികളിൽ നിന്നും വലിയ വരവേൽപാണ് ലഭിക്കുന്നത്.